top of page
Joy-Peters-Indikuzhy-President.jpg

President’s Message

സ്നേഹം നിറഞ്ഞ ഇല്ലിനോയിസ് മലയാളി അസോസിയേഷൻ അംഗങ്ങളെ !!

1991-ൽ രൂപം കൊണ്ട IMA എന്ന മഹത്തായ സംഘടനയുടെ 18-ാമത്തെ പ്രസിഡന്റാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിലേക്ക് സഹകരിച്ച എല്ലാ IMA അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. എന്നോടൊപ്പം പ്രവർത്തിക്കുന്ന IMAയുടെ Executive Committe യേയും, Sub Committe ചെയർപേഴ്സൻമാർക്കും നന്ദി പറയുകയും അവരുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ ഈ സംഘടനയെ സമർപ്പണബുദ്ധിയോടെ നയിച്ച IMAയുടെ എല്ലാ പ്രവർത്തകരെയും നന്ദിയോടെ ഓർക്കുന്നു. ഇതിനുമുമ്പും IMAയുടെ പല മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് IMAയിലെ എല്ലാ അംഗങ്ങളുമായി വളരെ നല്ല പരിചയമുണ്ട്. മാത്രമല്ല അവരുമായുള്ള സ്നേഹബന്ധം നല്ല രീതിയിൽ കൊണ്ടുപോകുവാനും സാധിച്ചിട്ടുണ്ട്.

സംഘടനകൾ വിരളമായിരുന്ന ആദ്യകാലങ്ങളിൽ ചിക്കാഗോയിലെ മലയാളികളുടെ മുഖ്യധാരയിലായിരുന്നു IMA. ഇന്നും IMAയെ പറ്റി നല്ല അഭിപ്രായം തന്നെയാണ് ജനങ്ങൾക്കുള്ളത്. കഴിഞ്ഞ 34 വർഷങ്ങളിലായി, സാമൂഹികം, കലാപരം, നേതൃത്വപാടവം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെല്ലാം വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് IMA നടത്തിയിട്ടുള്ളത്. ഇക്കാലമത്രയും IMAയുടെ ഒരുമയിലും വളർച്ചയിലും ത്യാഗപൂർണ്ണമായ സേവനം കാഴ്ചവെച്ച മുൻകാല പ്രസിഡന്റ്മാരെയും അവരുടെ സഹപ്രവർത്തകരെയും അനുമോദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു. അതോടൊപ്പം നമ്മിൽ നിന്നും വേർപിരിഞ്ഞുപോയ IMA പ്രസിഡന്റ്മാരായ ജോയി ചെമ്മാച്ചലിനെയും, മറിയാമ്മ പിള്ളയെയും, ജോസ് എലവുംതറയെയും, ബേസിൽ പെരേരയെയും സ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ സംഘടനയുടെ പ്രവർത്തനങ്ങൾ വിജയിക്കണമെങ്കിൽ നമ്മുടെ അംഗങ്ങൾ തമ്മിൽ ഊഷ്മളമായ സൗഹൃദവും ഉത്തരവാദിത്തബോധവും ഉണ്ടാകണം. അത് നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു. പല സംഘടനകളും ക്ലബ്ബുകളും ഉള്ള ഈ കാലഘട്ടത്തിൽ മറ്റു ഉത്തരവാദിത്തങ്ങൾക്കും മുൻതൂക്കം കൊടുത്തുകൊണ്ടുതന്നെ IMA എന്ന നമ്മുടെ മാതൃസംഘടനയ്ക്ക് നിങ്ങൾ ഏവരുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ ഞാൻ അപേക്ഷിക്കുന്നു. IMAയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാൻ കേരളത്തനിമയിൽ ചിക്കാഗോയിൽ ആദ്യമായി യുവജനോത്സവം ആരംഭിച്ചതും, ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ നടത്തിയതും IMAയ്ക്ക് അഭിമാനിക്കാവുന്നതു തന്നെയാണ്. അന്നത്തെ ആ കൊച്ചു കലാകാരന്മാരും കലാകാരികളും ഇന്ന് അമേരിക്കയിൽ പല സംസ്ഥാനങ്ങളിലായി വിവിധ മേഖലകളിൽ സ്‌തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്നു. അവരുടെ ഓർമ്മകളിൽ IMA എന്നും നിലനിൽക്കുന്നു. പുത്തൻ തലമുറയിലേക്ക് കേരളത്തിന്റെ പാരമ്പര്യമായ കലാസമ്പത്തുകൾ പകർന്നു നൽകാൻ IMA എന്ന മഹത്തായ സംഘടനയ്ക്ക് സാധിക്കണം. അതുപോലെ അടുത്ത രണ്ടു വർഷങ്ങളിലേക്ക് പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരവും, പ്രയോജനകരവുമായ നിരവധി പദ്ധതികളാണ് IMA ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നത്. അതുപോലെ കേരള ഭവൻ എന്ന IMA സ്വപ്നം സാധിച്ചെടുക്കണമെന്നും ആഗ്രഹിക്കുന്നു. IMA അംഗങ്ങളുടെ ആത്മാർത്ഥ സഹകരണം അടുത്ത രണ്ടു വർഷത്തേക്കുണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു. 

 

വളരെ സ്നേഹത്തോടെ,
Joy Peters Indikuzhy

President

bottom of page